ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹിക ചരിത്രം

ഇരിക്കൂര്‍ ഫര്‍ക്കയില്‍ 45 ചതുരശ്രമൈല്‍ വിസ്തൃതിയുണ്ടായിരുന്ന പ്രദേശത്തിന്റെ ആസ്ഥാനം എള്ളരിഞ്ഞി ആയിരുന്നു. ഭരണാധികാരി കരിക്കാട്ടിടം നായനാര്‍ ആയിരുന്നു. പില്‍ക്കാലത്ത് എരുവേശ്ശിപയ്യാവൂര്‍ എന്നീ ദേശങ്ങള്‍ ചേര്‍ന്നതായിരുന്നു എരുവേശ്ശി അംശവും പഞ്ചായത്തും. അംശം അധികാരി ജന്മി കുടുംബാംഗമായ എടക്ളവന്‍ കുടുംബക്കാരായിരുന്നു. അധികാരിമേനോന്‍മാര്‍, കോലക്കാര്‍ എന്നിങ്ങനെയുള്ള ഉദ്യോഗസ്ഥ രീതിയായിരുന്നു അന്നുണ്ടായിരുന്നത്. പാരമ്പര്യ രീതിയിലായിരുന്നു ഭരണക്കാരെ നിശ്ചയിച്ചിരുന്നത്. അധികാരം പിന്‍തുടര്‍ച്ചയായിരുന്നു. ഭൂനികുതി പിരിക്കാനുംനീതിന്യായം നടത്താനും ജനനമരണം രജിസ്റ്റര്‍ ചെയ്യാനും ഉള്ള അധികാരം അധികാരികള്‍ക്കുണ്ടായിരുന്നു. അധികാരിഗ്രാമമുന്‍സിഫ്ഗ്രാമമജിസ്ട്രേട്ട്ജനനമരണ രജിസ്ട്രാര്‍, പൌണ്ട് കീപ്പര്‍ എന്നീ ഔദ്യോഗിക നാമങ്ങളും അധികാരിക്കുണ്ടായിരുന്നു. വിസ്തൃതമായ ഈ ഭൂവിഭാഗത്തില്‍ ജനവാസം വളരെ പരിമിതമായിരുന്നു. സാമുദായിക അടിസ്ഥാനത്തിലാണ് ജനങ്ങള്‍ താമസിച്ചിരുന്നത്. മുച്ചിലോട്ടു ഭഗവതിക്ഷേത്രംഗണപതിക്ഷേത്രം എന്നിവ പ്രധാന ആരാധനാലയങ്ങളായിരുന്നു. ആദിവാസി വിഭാഗക്കാരായ കരിമ്പാലര്‍, മാവിലര്‍ എന്നിവരും ഈ പ്രദേശങ്ങളില്‍ അധിവസിച്ചിരുന്നു. കരിമ്പാലര്‍  സ്ഥിരതാമസക്കാരും  മാവിലര്‍ മാറിമാറി താമസിച്ച് വന്നിരുന്നവരുമാണ്. മുസ്ളീങ്ങളും നാമമാത്രമായി ഇവിടെയുണ്ടായിരുന്നു. സവര്‍ണ്ണ മേധാവിത്വം നിലനിന്ന അക്കാലത്തു ഭൂമിയുടെ ഉടമസ്ഥാവകാശം അവര്‍ക്കുമാത്രമായിരുന്നു. കരക്കാട്ടിടം നായനാര്‍, എടക്ളവന്മാര്‍ചിറയ്ക്കല്‍ രാജാവ് എന്നിവരായിരുന്നു അധിപന്മാര്‍. കൂടാതെ പയ്യാവൂര്‍  ദേവസ്വം വകയായും ഭൂമിയുണ്ടായിരുന്നു. ചിറയ്ക്കല്‍ കോവിലകത്ത് വകയായ ഈ പ്രദേശത്തെ ഭൂമിയുടെ  ഉടമസ്ഥത മന്ദനാര്‍ക്ക് ലഭിച്ചു. ചിറയ്ക്കല്‍ കോവലകത്ത് നിന്ന് ഭ്രഷ്ടരാക്കപ്പെട്ട ഒരു കുടുംബാംഗമായിരുന്നു മന്ദനാര്‍. ചിറയ്ക്കല്‍ കോവിലകത്തിന്റെ രാജകീയ പദവിയും അധികാരാവകാശങ്ങളും  മന്ദനാരില്‍ നിക്ഷിപ്തമായിരുന്നു.  മന്ദനാരുടെ വാസസ്ഥലം  മൂത്തേടത്ത് അരമന എന്ന പേരിലറിയപ്പെട്ടു. അരമനയുടെ നഷ്ടാവശിഷ്ടങ്ങള്‍ പൂപ്പറമ്പിന് സമീപം ഇന്നും ദൃശ്യമാണ്. മൂത്തേടത്ത് അരമന കൂടാതെ ഇളയിടത്ത് അരമനമുണ്ടായ അരമനകൂരാരി അരമനഇടയില്ലം അരമന എന്നിങ്ങനെ നാല് അരമനകളും സ്ഥാപിച്ചു. ചിറയ്ക്കല്‍ കോവിലകത്ത് നിന്നും ഭ്രഷ്ട് കല്പിക്കപ്പെട്ടവരെന്നും മന്ദനാര്‍ അരമനയില്‍ നിന്നും ഭ്രഷ്ടാക്കപ്പെട്ടവരെന്നും ഐതിഹ്യം പറയപ്പെടുന്ന ഒരു വിഭാഗമാണ് കുടിയാട്ടികള്‍. അവരുടെ പേരുമായി ബന്ധപ്പെട്ടിട്ടാണ് കുടിയാന്മല എന്ന സ്ഥലനാമം ലഭിച്ചതെന്ന് പറയപ്പെടുന്നു. സ്വേച്ഛാധികാര പ്രമത്തത മൂലം ശത്രുശക്തി വര്‍ദ്ധിക്കുകയാല്‍ ആത്മരക്ഷാര്‍ത്ഥം സ്ഥലം വിടേണ്ടിവന്ന മന്ദനാര്‍ തന്റെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് എഴുതിക്കൊടുത്തു.

സാംസ്കാരിക വികസന ചരിത്രം

പഴയ സാംസ്ക്കാരികകേന്ദ്രങ്ങളായി ശോഭിച്ചിരുന്ന കാഞ്ഞിരങ്ങാട്ടു ശിവക്ഷേത്രം (മുയിപ്ര)ചെങ്ങോത്ത് ചുഴലി ഭഗവതി ക്ഷേത്രംഎരുവേശ്ശിതെരുവ് ഗണപതിക്ഷേത്രംമുച്ചിലോട്ട് ഭഗവതിക്ഷേത്രംപുതിയഭഗവതികാവ്പൂപ്പറമ്പ് വൈരാന്‍ കോട്ടംപുലിയനാര്‍കാവ്കിളിയങ്കല്‍ വയനാട്ട് കുലവന്‍ക്ഷേത്രംനെല്ലിയോട്ടുപറമ്പ് ക്ഷേത്രം തുടങ്ങി വിവിധസ്ഥലങ്ങളിലായി നിരവധി ക്ഷേത്രങ്ങളും കരിവെള്ളേരി തുടങ്ങി നിരവധി മുഖ്യസ്ഥാനങ്ങളും പുരാതനമായിത്തന്നെ തെയ്യക്കോലങ്ങള്‍ കെട്ടിയാടുന്ന നിരവധി സ്ഥലങ്ങളും ഈ ദേശത്തുണ്ട്. എരുവേശ്ശി പഞ്ചായത്തിലെ കുടിയേറ്റയജ്ഞം സമാരംഭിച്ചത് 1943-ലാണ്. കാഞ്ഞിരപ്പള്ളി സ്വദേശിയായ പുല്‍പ്പേല്‍ ജോസഫാണ് ആ ദീപശിഖാവാഹകന്‍. 1950-വരെ കുടിയേറ്റപ്രവാഹം മലയോരമേഖലയിലേക്ക് തുടര്‍ന്നു. അരീക്കമലകുടിയാന്മലനെല്ലിക്കുറ്റിരത്നഗിരിചുണ്ടപ്പറമ്പ്ചെറിയഅരീക്കമലകോട്ടക്കുന്ന്വഞ്ചിയംപൊട്ടന്‍പ്ളാവ്ചുണ്ടക്കുന്ന് തുടങ്ങി മലയോര മേഖലകളില്‍ കുടിയേറ്റ കര്‍ഷകര്‍ രംഗപ്രവേശം ചെയ്തു. ഭൂവുടമാ വ്യവസ്ഥയില്‍ സാരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ പര്യാപ്തമായ കര്‍ഷകസമരങ്ങള്‍ നാടെല്ലാം പടര്‍ന്നു. 1946 ഡിസംബര്‍ 30-ന് നടന്ന കാവുമ്പായി സമരം ഈ പ്രദേശത്തെ കാര്‍ഷികബന്ധങ്ങളെ സാരമായി ബാധിച്ചു. കാവുമ്പായി സമരത്തിന് ധീരമായി നേതൃത്വം നല്കിയവരില്‍ പ്രമുഖന്‍ എം.സി.ആര്‍ എന്ന പേരില്‍ അറിയപ്പെടുന്ന എം.സി.രയരപ്പന്‍ മാസ്റ്ററാണ്. ഈ പ്രദേശത്തിലെ അക്ഷരവിദ്യയുടെ ഹരിശ്രീ കുറിച്ചത് എരുവേശ്ശി എ.യു.പി.സ്കൂളിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ എടക്ളവന്‍ കോറോത്ത് രാമര്‍കുട്ടി നമ്പ്യാരാണ് സ്ഥാപകന്‍. 1950-ല്‍ ആരംഭിച്ച ചെമ്പേരി നിര്‍മ്മലാ എല്‍.പി.എസ്. ഐക്യകേരള ജന്മത്തോടെ ഹൈസ്കൂളായി ഉയര്‍ത്തി. ഉത്തരകേരളത്തിലെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമായ കുന്നത്തൂര്‍പാടിയിലെ ശ്രീ മുത്തപ്പന്റെ ജന്മസ്ഥലമെന്ന് വിശേഷിക്കപ്പെടുന്നത് എരുവേശ്ശിയിലാണെന്ന് പറയപ്പെടുന്നു. ശ്രീ മുത്തപ്പനെക്കുറിച്ചുള്ള പാട്ടുകളിലും കഥകളിലും പറയുന്ന അയ്യങ്കര ഇല്ലവും തിരുവഞ്ചിറയും എരുവേശ്ശിയിലാണെന്നാണ് ഐതിഹ്യം. ഇന്നത്തെ പാടിക്കുറ്റിദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമാണത്. ആണ്ടുതോറും മീനമാസത്തിലെ പൂരം നാളുകളില്‍ ഇവിടെ ഉത്സവം നടത്തുന്നു. തിടമ്പ് ശിരസ്സിലേറ്റിയുള്ള തിരുനൃത്തമാണ് പ്രധാന ചടങ്ങ്. മുയിപ്ര മുച്ചിലോട്ട് ഭഗവതി ക്ഷേത്രംഎരുവേശ്ശി പുതിയഭഗവതി ക്ഷേത്രംഎരുവേശ്ശി ഗണപതിക്ഷേത്രം എന്നിവ ചിര പുരാതനവും ചരിത്ര പ്രസിദ്ധവുമായ ആരാധനാലയങ്ങളും സാംസ്കാരിക ഉറവിടങ്ങളുമാണ്. ചുവലി ഭഗവതി ക്ഷേത്രംമൂത്തേടത്ത് അരമന ക്ഷേത്രംകാഞ്ഞിരങ്ങാട് അമ്പലം തുടങ്ങിയ ക്ഷേത്രങ്ങള്‍ ഇവിടുത്തെ പ്രധാന ആരാധനാലയങ്ങളാണ്. എരുവേശ്ശിപ്പുഴയോട് ചേര്‍ന്ന് അരമന എന്ന സ്ഥലത്ത് ഏതാനും ശിലാവശിഷ്ടങ്ങളില്‍ ഒതുങ്ങുന്ന മന്ദനാര്‍ കോട്ടയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1946-ല്‍ ആദ്യമായി ലൂര്‍ദ് മാതാ പള്ളി ചെമ്പേരിയില്‍ സ്ഥാപിച്ചു. ഇവിടുത്തെ പെരുന്നാളിന് നാനാജാതി മതസ്ഥര്‍ എത്താറുണ്ട്. ഇവിടെ ഇസ്സത്തുല്‍ ഇസ്ളാം ജുമാമസ്ജിദ് എന്ന പേരില്‍ ഒരു മുസ്ളീം പള്ളി പ്രവര്‍ത്തിക്കുന്നു. ഇവിടെ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കു വഹിച്ചിട്ടുള്ളത് ഗ്രന്ഥശാലാപ്രസ്ഥാനമാണ്. 1950-ല്‍ പൂപ്പറമ്പില്‍ പഞ്ചായത്തിലെ ആദ്യത്തെ വായനശാല സ്ഥാപിച്ചു. കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ ഒരു വായനശാല ആരംഭിച്ചു. ജനങ്ങളെ വിദ്യാ സമ്പന്നരാക്കുന്നതില്‍ ഈ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. 1956-ല്‍ കുടിയേറ്റ കേന്ദ്രമായ ചെമ്പേരിയില്‍ ദേശീയ വായനശാല എന്ന പേരില്‍ ഒരു ഗ്രന്ഥാലയം സ്ഥാപിച്ചു. എരുവേശ്ശി പഞ്ചായത്തില്‍ 10 ഗ്രന്ഥാലയങ്ങളാണ് ഉള്ളത്. അതിലൊന്ന് പഞ്ചായത്ത് സാംസ്കാരിക നിലയമാണ്.